“ഒന്ന് പതുക്കെ പോവുമോ?” ഞാൻ അവ്നോട് ചോദിച്ചു. “പേടിക്കാതെടാ നല്ല ട്രാക്ഷൻ ഉണ്ട്. ജോയി പറഞ്ഞു. തേയിലത്തോട്ടതിന്റെ ഇടയിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു മലമ്പാമ്പിനെ പോലെ കേറിയിറങ്ങി പോകുന്ന വഴിയിലൂടെ പായുകയാണ് ഞങ്ങളുടെ വണ്ടി. സമയം നാലു കഴിഞ്ഞതേ ഒള്ളെങ്കിലും വഴിയിൽ നല്ല കോടയായിരുന്നു. “ഇവുടുത്തേ കാറ്റാണു കാറ്റ്' ജോയി പാട്ട് മൂളുകയാണ്. ഇടുക്കികാരനാണന്ന കാര്യത്തിൽ പണ്ടേ അവനു അഭിമാനമാണ്. കോളേജിൽ പഠിക്കുന്ന സമയത്തൊക്കെ “ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിതാണ്” എന്നും എന്തുകാര്യത്തേക്കുറിച്ച് പറഞ്ഞാലും “അതൊക്കെ ഞങ്ങടെ ഇടുക്കീല് " എന്നും പറഞ്ഞിരുന്നവനാണ് ജോയി. “മഹേഷിന്റെ പ്രതികാരം” ഇറങ്ങിയപ്പോ ലീവെടുത്ത് നാട്ടിൽ വന്ന് കട്ടപ്പന’സാഗര’യിൽ തന്നെ പോയി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു ജോയി. അന്ന് വരേ കടുത്ത ലാലേട്ടൻ ഫാൻ ആയിരുന്ന ജോയി ‘പോത്തേട്ടൻ ബ്രില്ല്യന്സ്’ നേ പറ്റിയും ഫഹദിന്റെ മിതത്വത്തേക്കുറിച്ചുമൊക്കെ വാചാലനാവാൻ തുടങ്ങി. എല്ലാവർക്കും അവധി ഒത്ത് വന്ന സമയത്ത് തന്നെ പതിവുപോലെ ജോയി വീട്ടിലേയ്ക്ക് വാ മുറവിളി കൂട്ടിയപ്പോ പിന്നെ രണ്ടാമതൊന്നാലോചിചില്ല ഞാനും വിവേകും നേരേ പുറപ്പെട്ടു. പ്രമുഖ പത്രത്തിന്റെ തൃശ്ശൂർ ഒഫിസിൽ സബ് എഡിറ്റർ ആയ വിവേക് കൗമാരം പ്രാപിക്കുന്നതേ ഉള്ളു. പൊടിമീശയിൽ ഇടതുകൈയ്യുടെ ചൂണ്ടുവിരൽകൊണ്ട് തടവി ആരോടോ ഫോണിൽ സൊള്ളുകയാണ് കക്ഷിയിപ്പോൾ. ആരതിയായിരിക്കണം. പാലയിലെ എന്റെ വീട്ടിലെത്തിയ വിവേകും ഞാനും ആനവണ്ടിയിൽ കയറി നേരേ മുണ്ടക്കയം ചാടി. കെ. കെ റോഡിൽ വെള്ള ഷർട്ന്റെ ആദ്യ ബട്ടൺ അലസമായി അഴിച്ചിട്ട് കഴുത്തിലെ സ്വർണ്ണച്ചെയിനിനു മുഖം കാണിക്കാൻ അവസരം കൊടുത്ത് , കറുത്ത ഗ്ലാസ്സും വെച്ച് ചുകന്ന പെയിന്റടിച്ച ജീപ്പിൽ ചാരി നിൽക്കുന്നത് ജോയ് ആണെന്ന് തിരിച്ച് അറിയാൻ ബുദ്ധിമുട്ടുണ്ടായില്ല. കുറച്ചു ചീർത്തിട്ടുണ്ടെങ്കിലും ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ട ജോയ് എബ്രഹാം തന്നെ ഇത് .നാടൻ ചോറും കറികളും കുരുമൊളകിട്ട ബീഫ് ഫ്രൈയും (ഇതൊന്നുമല്ല ബീഫ് ഫ്രൈ, നീ വീട്ടിലേയ്ക്ക് വാ അമ്മച്ചി ഒണ്ടാക്കിത്തരും) ഒക്കെ വീട്ടിലെ ഭക്ഷണം എന്ന ബോർഡ് വച്ച കടേന്ന് കഴിച്ച് ചിറിയും തുടച്ചു നേരേ വണ്ടിയിൽ കയറിയതാണ്. പിന്നെ കോളേജിലെ വീരസാഹാസങ്ങളും ഇടയ്ക്ക് ജോലി വിശേഷങ്ങളും പറഞ്ഞ് ഇരുന്നു. ശുദ്ധ തമിഴ് ബ്രാഹ്മണനായ ജൂനിയർ പയ്യനെ ‘ഫോറിൻ അച്ചാറ്’ തീറ്റിച്ച കഥ എല്ലാത്തവണത്തേം പോലെ പറഞ്ഞ് ജോയി പൊട്ടിച്ചിരിച്ചു. “ജോയി അണ്ണാ അന്ത ഫോറിൻ പിക്കിൾസ് റൊമ്പ പ്രമാദമായിരിക്ക്, ജാസ്തി കെടയ്ക്കുമാ?” നമ്പൂരി ചെക്കന്റെ നിഷ്കളങ്കമായ ചോദ്യം ഞങ്ങളെല്ലാം കേട്ടതുമാണ്. പിന്നെത്തെ സ്റ്റോപ്പ് ക്യൂൻസ് ബിയർ ആൻഡ് വൈൻ പാർലർ ആയിരുന്നു ഞാനും വിവേകും ഓരോ ചിൽഡ് ബിയറു കഴിച്ചു. “ഡോണ്ട് മിക്സ് ഡ്രിങ്ക് വിത് ഡ്രൈവ് " എന്ന് പറഞ്ഞ് ജോയി ഡ്രിങ്ക് നിരസിച്ചു.
...