“Unhappy is he to whom the memories of childhood bring only fear and sadness.”
-H. P. Lovecraft
ഇടിഞ്ഞ് പൊളിഞ്ഞ പറങ്കിക്കോട്ടയുടെ മതിലിൽ സുകുവിനെ തള്ളിക്കേറ്റി. നെറ്റീൽ പൊടിഞ്ഞ വിയർപ്പ് തുടച്ച് ഞാനും പുറകേ വലിഞ്ഞ് കേറി. മതിലിൽ നിന്ന് കാലു ഞാത്തിയിട്ട് ഇരുണ്ടു തുടങ്ങിയ ആകാശത്തിലേക്ക് അങ്ങ് ലയിച്ചിരിക്കുന്ന കോട്ടയിലേക്ക് നോക്കി ഞങ്ങളിരുന്നു. കുറ്റിക്കാട്ടിലൂടെ നൂണ്ടിറങ്ങുന്നതിനിടെ കാരമുള്ളൊടക്കി ഒരഞ്ഞ് ചോരയിറ്റാൻ തുടങ്ങിയ കാലുകളിലെ നീറ്റൽ വകവയ്ക്കാതെ അന്തിക്കാറ്റിന്റെ തലോടലേറ്റ് ഞങ്ങൾ ചിരിച്ചു. സുകൂന് അന്ന് ഏഴ് വയസ്സുണ്ട്. എനിക്ക് എട്ടും.
സുകൂന്റെ പല്ലുപോയ മോണകാട്ടിയുള്ള ചിരിയാണു അരിസോണയിലെ തണുപ്പൻ മരുഭൂമിയിൽ മരണം കാത്തു കിടക്കുമ്പോളും എനിക്ക് ഓർമ്മ വന്നത്. ഡോറു തുറന്ന് കരിമ്പടത്തിൽ എന്നേ പൊതിഞ്ഞ് അവരുടെ പിക്ക് അപ്പിൽ രക്ഷപെടുത്തിയ നിയമവിരുദ്ധ കുടിയേറ്റക്കാരൻ ഹുവാനും അയാളുടെ പന്ത്രണ്ട് വയസ്സുള്ള സഹോദരൻ മാർക്കോയും ഞാൻ അവരുടെ ട്രെയിലറിൽ ഇരുന്ന് ഹോട് ചോക്ലേറ്റ് ഊതിക്കുടിച്ചപ്പോൾ സ്പാനീഷ് ചുവയുള്ള ഇംഗ്ലീഷിൽ എന്നോട് ചോദിച്ചു എന്താണ് ‘സുകു’ എന്ന് പറഞ്ഞാലെന്ന്.
പിന്നിട് റിവാർഡിങ് ഹോർമോണുകളുടെ ബയോകെമിസ്റ്റ്രിയേപ്പറ്റി പഠിച്ചപ്പോഴും സുകുവിന്റെ കൂടെ പറങ്കിക്കോട്ടയിൽ ഇരുന്നപ്പോൾ തോന്നിയ വിജയോന്മാദത്തിന്റെ രസം ഒട്ടും കുറഞ്ഞില്ല. ബാല്യത്തിലെ ഓർമ്മകൾ പ്രായമാകുമ്പോൾ മങ്ങും, വർത്തമാനത്തിന്റെ തീക്ഷണത ഭൂതത്തിന്റ്റെ ഓർമ്മകളെ ശ്വാസം മുട്ടിക്കും എന്നെല്ലാം കേട്ടിട്ടുണ്ടങ്കിലും സുകുവിന്റെ മോണയിലെ മുൻ നിരയിൽ രണ്ട് പല്ലിന്റെ അഭാവം സൃഷ്ടിച്ച വിടവ് എന്റെ ഓർമ്മകളിലേയ്ക്കുള്ള കവാടം കൂടെയാണ്.
പറങ്കിക്കോട്ടയുടെ മതിലിൽ നിന്നും ഊർന്നിറങ്ങി കോട്ടയുടെ ജനവാതിലിലൂടെ സുകു ആദ്യം നുഴഞ്ഞുകയറി. പിന്നാലെ ഞാനും. ഊരു ഭരിച്ചിരുന്ന നമ്പൂരിച്ചന്റെ ശാപത്തെ പറ്റിയും, പറങ്കികളുടെയും, പിന്നീട് വസ്തു ഗവർമെന്റിലേയ്ക്ക് അനെക്സ് ചെയ്യാൻ വന്ന ഉദ്ദ്യോഗസ്ഥരുടേയും ദുരവസ്ഥയേക്കുറിച്ച് കേട്ടിരുന്നെങ്കിലും ബാല്യത്തിന്റെ ജിജ്ഞാസയും സുകുവിന്റെ കൂട്ടും അതിനെ കവച്ച് വയ്ക്കാനുതുകന്നതായിരുന്നു. കോട്ടമതിൽ കടന്നെങ്കിലും കോട്ടക്കകത്ത് എത്തുന്നതിനു മുൻപ് അന്നെത്തെ സാഹസികത കെട്ടടങ്ങിയെങ്കിലും പിന്നീടൊരിക്കൽ ഞങ്ങൾ കോട്ട കീഴടക്കും.
വേദനകൾ മാത്രം സമ്മാനിക്കാൻ തുടങ്ങിയ നാടിനെ വെച്ച് നോക്കുമ്പോൾ ഏറെ താന്നിരുന്ന അമേരിക്കയുടെ തട്ടിലേയ്ക്ക് ചുവടുമാറ്റാൻ അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. മുപ്പത്തിഒൻപതാം വയസ്സിൽ ജോലി വേണ്ടന്ന് വെക്കുന്നിടം വരെ പതിമൂന്ന് വർഷം ഞാൻ അമേരിക്കയുടെ മണ്ണിൽ ജീവിതാസക്തികളുടെ പതയുന്ന വീഞ്ഞ് നുകർന്നു. കാല്വിൻ ക്ലെയിന്റെ ടീഷർട്ട് ധരിച്ച് വന്ന മഞ്ഞമുടിക്കാരിയുടെ കൂടെ അവളുടെ കൺവെർട്ടബിളിൽ നഗരാതിർത്തിയിലെ അവളുടെ വീട്ടിലെത്തി അലക്ഷ്യമായി വലിച്ചെറിഞ്ഞ ഞങ്ങളുടെ വസ്ത്രങ്ങൾക്കപ്പുറം പഞ്ഞിമെത്തയിൽ ശരീരങ്ങളാശ തീർത്തപ്പോൾ ഇരുട്ടിനു ഇരുട്ടുകൂട്ടി ആകാശത്തിലലിഞ്ഞുകൂടി നിൽക്കുന്ന പറങ്കിക്കോട്ടയുടെ ചെങ്കൽ മതിലേറേറി മനസ്സു നിന്നു.
മരണത്തേ മുഖാമുഖം കാണുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് ഒരു പാടു ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്. ഒരു തുരങ്കത്തിനപ്പുറത്തേ വെളിച്ചം, കോച്ചിപ്പിടിക്കുന്ന കൊടും തണുപ്പ് അങ്ങനെ നിരവധി വിധത്തിൽ ദേഹി ദേഹത്തെ വിടുന്ന നിമിഷം ഞാനനുഭവിച്ചിട്ടുണ്ട്. മരണത്തിന്റെ വാർത്ത അറിയിക്കാൻ അന്തിവെളിച്ചത്തിൽ മേഘശകലങ്ങളിൽ കൂടി മരണദൂതൻ പറന്നിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്.
ഇരുട്ടിനോടോടുള്ള യുദ്ധം സന്ധി ചെയ്ത ചെറിയ ഇലക്ട്രിക് ലൈറ്റുകളുള്ള , തിരക്കൊഴിഞ്ഞ ആ പബ്ബിൽ ഇന്ദ്രിയങ്ങളുടെ തീക്ഷ്ണത പകരം കൊടുത്ത് മദ്യം നുണഞ്ഞുകൊണ്ട് നിൽക്കെയാണു വാതിൽക്കലെ അരണ്ട വെളിച്ചത്തിൽ പുറം തിരിഞ്ഞു നിൽക്കുന്ന രൂപം എന്റെ കണ്ണിലുടക്കിയത്. എന്നിലെ ഞാൻ അറിയാത്ത പൽ ചക്രങ്ങളുടെ തിരിയലുകളുനുശാസിച്ച യാന്ത്രികതയിൽ ഞാൻ വാതിൽക്കലെത്തിയപ്പോൾ ആ രൂപം തിരിഞ്ഞ് നനവാർന്ന കണ്ണുകൾ കൊണ്ട് എന്നേ നോക്കി. ആ കണ്ണുകളിൽ പറങ്കിക്കോട്ടയുടെ ചുറ്റുമതിലിൽ ഇരിക്കുന്ന എട്ടു വയസ്സുള്ള എന്നേ കണ്ടതും വൈദ്യുതാഘാതമേറ്റ മാതിരി ഞാൻ പുറകിലേയ്ക്ക് മാറി. കണ്ണിലിരുട്ട് കയറിയ ഞാൻ പിറകിലേയ്ക്ക് പതിക്കുകയണന്ന് മനസ്സ് രജിസ്റ്റർ ചെയ്യാൻ കൂട്ടാക്കിയില്ല. ആദിയിൽ ഓംകാരം പോലെ മനസ്സിൽ മുഴുവൻ സുകുവിന്റെ പേര് മുഴങ്ങി. മരണദൂതനെ ഞാൻ കണ്ട മങ്ങിയ സന്ധ്യ വീണ്ടും കരിന്തിരി കത്തുന്ന വിളക്കുപോലെ മനസ്സിൽ തെളിഞ്ഞു.
“നിങ്ങളിലൊരാളെ സമയമെത്തതെ ഞാൻ കൊണ്ട് പോകും.” എന്ന് മരണദൂതൻ പറഞ്ഞു കഴിഞ്ഞപ്പോൾ തന്നെ എന്റെ വിറയാർന്ന വിരലുകൾ കൊണ്ട് ഞാൻ സുകുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തു കഴിഞ്ഞിരുന്നു.
(തുടരും)